Tuesday 22 March 2011

മറക്കില്ലൊരിക്കലും ...........

                                                    മറക്കില്ലൊരിക്കലും ...........
                                                                        എനിക്ക് ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ കുട്ടിക്കാലം .ഓര്‍മ്മകള്‍ തെളിഞ്ഞു   നില്‍ക്കുന നിരവധി    സുന്ദരനിമിഷങ്ങള്‍ .മീനച്ചില്‍ താലുക്കിലെ മീനച്ചില്‍ പഞ്ചായത്ത്.  റബര്‍ തോട്ടത്തിനു  നടുവിലുള്ള  എന്റെ വീട്, അല്ല ..ഞങ്ങളുടെ വീട്.ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ ബാല്യകാല സുഹൃത്തും .
                                                                            ഓര്‍മ്മവെച്ച   കാലംമുതല്‍ ഞങ്ങള്‍ക്ക്  പരസ്പരം അറിയാം .ഞങ്ങള്‍  ഒരുമിച്ചായിരുന്നു സ്കൂളില്‍ പോകുന്നതും വരുന്നതും .പള്ളിയില്‍ പോയാലും അങ്ങനെ തന്നെ.നഴ്സറി തൊട്ടു ഒരുമ്മിച്ചു പഠിച്ചു  കളിച്ചു വളര്‍ന്നവര്‍. മണ്ണപ്പം ചുട്ടു കളിക്കാനും തുമ്പിയെ പിടിക്കാനും പുച്ചയെ മരം കയറ്റാനും എല്ലാം അവന്‍ എനിക്കൊപ്പം ഉണ്ടായിരുന്നു.
                                                                             മധ്യവേനലവധിക്കാലത്ത്  മാവിന്‍ ചുവട്ടിലേക്ക്‌ ഞങ്ങള്‍ ഓടും.മാങ്ങാ പെറുക്കാന്‍  ......ഞങ്ങള്‍ക്കൊപ്പം ഒരു കുട്ടി സംഘം തന്നെയുണ്ടായിരുന്നു.പഴുത്ത മാങ്ങയുടെ മധുരിമ  നുണഞ്ഞുകൊണ്ട് ഞങ്ങള്‍  നടക്കും.റബര്‍ തോട്ടത്തിലുടെ ഓടികളിക്കും .എല്ലാം കഴിഞ്ഞു ഉച്ചയോടെ ഞങ്ങള്‍ വീട്ടില്‍  കയറുമ്പോള്‍ നന്നേ ക്ഷീണിച്ചിട്ടുണ്ടാകും.അപ്പോഴേക്കും അമ്മ ചോറും കറിയും പാകം ചെയ്തു കഴിയും.
                                                      കുട്ടിക്കാലത്ത് എനിക്ക് രണ്ടു അമ്മമാര്‍ ഉണ്ടായിരുന്നു ;പെറ്റമ്മയും പിന്നെ പോറ്റംമ്മയും{സുഹൃത്തിന്റെ അമ്മ }.ഞങ്ങള്‍ക്ക് രണ്ടുപേരും  ഒരുപോലെ തന്നെയായിരുന്നു .ഒരു കുടുംബം, പോലെയായിരുന്നു ഞങ്ങളുടെ വീടുകള്‍ .അതിനുമുണ്ടൊരു കാരണം ,അതായതു എന്റെ പപ്പയുടെ കളിക്കുട്ടുകരനയിരുന്നു  അവന്റെ പപ്പാ.അവരും ബാല്യകാല സുഹൃത്തുക്കള്‍ തന്നെ .
                                      പിണങ്ങിയും ഇണങ്ങിയും ഞങ്ങള്‍ കഴിഞ്ഞു കുടി.ചിലപ്പോഴൊക്കെ പിണക്കം ദിവസങ്ങള്‍ നീണ്ടുനിന്നു .അപ്പോഴൊക്കെ ഞങ്ങളുടെ പപ്പയും അമ്മയും ഇടപെട്ടു .അങ്ങനെ പിണക്കം ഇക്കത്തിനു  വഴിമാറി . ഒരിക്കല്‍ പള്ളിയിലെ പെരുന്നാളിന് ഞാന്‍ വാങ്ങിയ ബലൂണ്‍ അവന്‍ കുത്തിപ്പൊട്ടിച്ചു..ഞാന്‍ കരഞ്ഞപ്പോള്‍ പകരം ഒരെണ്ണം  ഞങ്ങടെ  അമ്മമാര്‍വാങ്ങി തന്നു.
             അങ്ങനെ പല പല സംഭവങ്ങള്‍,നിമിഷങ്ങള്‍ ,ദിവസങ്ങള്‍ ....എല്ലാം ഓര്‍മ്മ  ചെപ്പിലിട്ടു  ഞാന്‍ സുക്ഷിച്ചു വയ്ക്കുന്നു ,മരണം വരെയും ..പക്ഷെ... ഇന്ന് അവന്‍  എന്റെ ഒപ്പം ഇല്ല . എന്നില്‍നിന്നും അകന്നു അകന്നു  ദുരങ്ങളിലേക്ക് അവന്‍ പോയി .എന്നിട്ടും ഞാന്‍ എല്ലാദിവസവും  ഓര്‍ക്കുന്നു .അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു .
                                         ഞങ്ങള്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സമയം .ആ വര്‍ഷം ആഗസ്റ്റ്‌ മാസത്തിലാണ് ഓണം.സ്കൂളിലെ ഓണാഘോഷ പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ വീട്ടിലേക്കു പോകുന്ന സമയം ..വഴിയില്‍ വെച്ച് അവന്‍ എന്നോട് "തലവേദന" എടുക്കുന്നു എന്ന് പറഞ്ഞു .പക്ഷെ ഞാനത് കാര്യമാക്കിയില്ല .വൈയ്കിട്ടു അവന്റെ വീട്ടില്‍  പോയപ്പോള്‍ അമ്മ പറഞ്ഞു "അവനു നല്ല പനിയ "എന്ന്.രാത്രി പത്തു മണിയായപ്പോഴേക്കും പനി കുടി. ഉടന്‍ തന്നെ അവനെയും കൊണ്ട് ഞങ്ങളുടെ വീട്ടുകാര്‍ ഭരണങ്ങാനം   മേരിഗിരി ആശുപത്രിയിലേക്ക് ഓടി.പിന്നെ ആശുപത്രിദിനങ്ങള്‍ ..ഒരാഴ്ചക്ക് ശേഷം അവന്‍ മടങ്ങി വന്നു.എങ്കിലും പിന്നെ ഇടയ്ക്കിടയ്ക്ക് പനി അവനെ വേട്ടയാടിക്കൊണ്ടിരുന്നു. സ്കൂളില്‍ വരവ് കുറഞ്ഞു.ഹാജര്‍ ഇല്ലാതായി.ഞാന്‍"തന്നെ"ആദ്യമായി സ്കൂളില്‍ പോയ ദിവസങ്ങളായിരുന്നു അത്.വല്ലാത്ത ഒരു  ഏകാന്തത എന്നെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു .അങ്ങോട്ടും ഇങ്ങോട്ടും തനിയെ...ഹോ ഓര്‍ക്കാന്‍ കുടി വയ്യ...എല്ലാവരും ഉണ്ടായിട്ടും "ആള്‍ കുട്ടത്തില്‍ തനിയെ "എന്നതായിരുന്നു എന്റെ അവസ്ഥ .
                                    പനി പലപ്രാവിശ്യം  അവന്റെ ശരിരത്തെ  തളര്‍ത്തിയപ്പോള്‍  കുടുതല്‍ പരിശോധന  ആവശ്യമാണെന്ന്  ഡോക്ടര്‍ പറഞ്ഞു.അങ്ങനെ അവനെയും കൊണ്ട് എല്ലാവരും ഏറണാകുളം ലൂര്‍ദ്ദില്‍ പോയി .ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞെട്ടിക്കുന്ന ആ സത്യം എല്ലാവരും തിരിച്ചറിഞ്ഞു.ഞങ്ങളുടെ എല്ലാമെല്ലാമായിരുന്ന അവന്‍ ഒരു കാന്‍സര്‍ രോഗിയായി മാറി എന്ന യഥാര്‍ത്ഥ്യം .ഭയങ്കരമായ വേദന ഉള്ളിലൊതുക്കി ഞാന്‍ വിങ്ങി വിങ്ങി കരഞ്ഞു.ഈ ഇളം പ്രായത്തില്‍ മരണം അവനെ തട്ടിയെടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.കഴിഞ്ഞുപോയ സുന്ദര നിമിഷങ്ങള്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.ഇനി അവന്‍ സ്കൂളില്‍ പോകാന്‍  എന്റെ ഒപ്പം ഉണ്ടാകുമോ....?ഒറ്റനിമിഷം കൊണ്ട് ഞാന്‍ എന്തൊക്കെയോ ആലോചിച്ചു കുട്ടി.
                                                   പിറ്റേ ദിവസം തന്നെ എല്ലാവരും അവനെയും കൊണ്ട് ആര്‍ സി സി 
യിലേക്ക് 
പോയി .നീണ്ട ദിനങ്ങള്‍ ,ഉറക്കമൊഴിഞ്ഞ രാവുകള്‍ 
,നിരവധി  പ്രാര്‍ത്ഥനകള്‍ ..ദിവസങ്ങള്‍ മുന്നോട്ടു പോകും തോറും അവനില്‍ നേരിയ വ്യതിയാനങ്ങള്‍
  വന്നുകൊണ്ടിരുന്നു. ‍ ആ ദിവസങ്ങളില്‍ വെള്ളിയാഴ്ച്ചയാകാന്‍  ഞാന്‍ കാത്തിരിക്കും.ക്ലാസ്സ് കഴിഞ്ഞു പപ്പയുടെ കൂടെ 
നേരെ ആശുപത്രിയിലേക്ക് പോകും ,എന്നിട്ട് ഞായരഴ്ച്ച വയ്കുന്നേരം ആകുന്നതോടെ  തിരിച്ചെത്തും.ഒരു മാസം ആ പതിവ് ഞാന്‍ തുടര്‍ന്നു.ഒരു മാസത്തെ ചികിത്സക്ക് ശേഷം    അവനെ വീട്ടില്‍ കൊണ്ടുവന്നു.
 അവനില്‍ പുരോഗതി ഉണ്ടായിരുന്നു.പക്ഷെ അപ്പോഴേക്കും അവന്റെ മുടികള്‍ പൊഴിഞ്ഞു തീര്‍ന്നു.ശെരിക്കും  പറഞ്ഞാല്‍
 മൊട്ടത്തലയന്‍ .അന്ന് ക്ലാസ്സ് കഴിഞ്ഞു വന്നപ്പോള്‍ എന്റെ വീട്ടില്‍ തൊപ്പിയും പിടിച്ചു ഒരു മൊട്ടത്തലയന്‍ നില്‍ക്കുന്നു.എനിക്ക് ഒരുപാടു സന്തോഷം തോന്നി.ഞാന്‍ ഓടിച്ചെന്നു.കുറച്ചു നേരം ആ  മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടിരുന്നു.പിന്നെ സ്കൂളിലെ വിശേഷങ്ങള്‍
 ഓരോന്നോരോന്നായി പറഞ്ഞു തീര്‍ത്തു.
                                                        ഒരാഴ്ചക്ക് ശേഷം വീണ്ടും അവന്‍ സ്കൂളില്‍ വന്നു തുടങ്ങി.'ഏകാന്തത ' തല്കാലത്തേക്ക് എന്നോട് വിടപറഞ്ഞു.ആ വര്‍ഷത്തെ ക്രിസ്തുമസ് ഞങ്ങള്‍ വീട്ടില്‍ ഗംഭിരമായി ആഘോഷിച്ചു.രാവുകളെ ഞങ്ങള്‍ പകലുകളാക്കി മാറ്റി.അവധി  ദിവസങ്ങളില്‍ 
കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ചു,മണ്ണപ്പം ചുട്ടതും ..തുമ്പിയെ പിടിച്ചതും..ബലൂണ്‍ പോട്ടിച്ചതം..
അങ്ങനെ അങ്ങനെ..പലതും .ക്രിസ്തുമസ് അവന്റെ വീട്ടില്‍ ആഘോഷിച്ചതിനാല്‍ പുതുവത്സരം എന്റെ വീട്ടിലായിരുന്നു.അന്ന് പപ്പാ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പുത്തന്‍ ഉടുപ്പുകള്‍ വാങ്ങി തന്നു.
അതും ഇട്ടു പാതിരാവില്‍ ഞങ്ങള്‍    പള്ളിയില്‍ പോയി. ഞങ്ങളുടെ വീട്ടുകാര്‍ ഒരുപാടു സന്തോഷിച്ച നാളുകളായിരുന്നു അത്.പക്ഷെ വിധിയുടെ കറുത്ത കരങ്ങള്‍  വീണ്ടും 
ഞങ്ങളെ പിടികുടി.ജനുവരി മാസത്തില്‍ അവന്‍ വീണ്ടും കുടുതല്‍ ക്ഷീണിതനായി കാണപ്പെട്ടു.ഓരോ ദിവസവും അസുഖം കുടിക്കൊണ്ടിരുന്നു.ഈ മാസം അവസാനമാണ് ഞങ്ങളുടെ പള്ളിയിലെ തിരുന്നാള്‍ .അന്ന് ഞങ്ങളുടെ പപ്പമാര്‍ അവനെ താങ്ങിയെടുത്ത് പള്ളിയില്‍ കൊണ്ടുവന്നു.എന്റെ കുട്ടുകാര്‍  ആര്‍ത്തുല്ലസിച്ചു ഓടിനടന്നപ്പോള്‍ ഞാന്‍ അവന്റെ ഒപ്പം നിന്നു .കരച്ചില്‍ വരുമ്പോള്‍ അമ്മമാരുടെ സാരിത്തുമ്പില്‍ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.പപ്പാ
 തന്ന  കാശു   കൊണ്ട് ഞാന്‍ രണ്ടു  ബലൂണ്‍ വാങ്ങിച്ചു. അതിലൊരെണ്ണംഞാന്‍  അവന്റെ കയ്യില്‍ വച്ച് കൊടുത്തു.
                                  താഴെ വീഴാന്‍ വെമ്പുന്ന കണ്ണീര്‍ തുള്ളികളെ പിടിച്ചു നിര്‍ത്താന്‍ കഷ്ട്ടപ്പെട്ടുകൊണ്ട്    അവന്‍ എന്നെ നോക്കി.അവ്യക്തമായ വാക്കുകളോടെ ഇടമുറിഞ്ഞ സ്വരത്തില്‍      അവന്‍ എന്നോട് പറഞ്ഞു."ഇനി നിന്റെ ബലൂണ്‍ ഞാന്‍ കുത്തി  പൊട്ടിക്കില്ല,ഒരിക്കലും..അത് കേട്ട എന്റെ സകല നിയന്ത്രണവും പോയി.ഞാന്‍ പൊട്ടി കരഞ്ഞു.
ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം വിങ്ങലടക്കാന്‍ പാടുപെടുന്നത് കുറച്ചുപേര്‍ കണ്ടിരുന്നു.പക്ഷെ ആരും തിരിഞ്ഞു നോക്കാന്‍ മെനക്കെട്ടില്ല."കണ്ടോന്റെ വിഷമത്തില്‍
  എനിക്കെന്തു കാര്യം " എന്നാ ഭാവേന അവര്‍ അവരുടെ വഴിയെ പോയി.അവന്‍ പറഞ്ഞത് നേരായിരുന്നു..പിന്നിട് ഒരിക്കലും ..ഒരിക്കലും ..അവന്‍ എന്റെ ബലൂണ്‍ കുത്തിപ്പോട്ടിച്ചിട്ടില്ല .അതിനു കാലം സാക്ഷി.പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ അസുഖം കുടിയം കുറഞ്ഞു വന്നു .
                     ദുസഹമായ വേദന സഹിക്കുമ്പോഴും അവന്റെ ചെറു പുന്ജ്ജിരി എന്നെ പല പ്രാവിശ്യം
 ആസ്വസിപ്പിച്ചിട്ടുണ്ട്.ഇടയ്ക്കു സംസാരിക്കാന്‍ പറ്റാതയിരുന്നു..കിടന്നു കിടന്നു പുറത്തെ തൊലി പൊട്ടി തുടങ്ങി.ഏറ്റിരിക്കാന്‍ പോലും ബുദ്ധിമുട്ട്..വലിയ നോമ്പ്
 ഞങ്ങളുടെ വീട്ടുകാരെ സംബന്ദിച്ചു  വളരെ പ്രധാനപ്പെട്ടതാണ്.നോമ്പിന്റെ നല്ലൊരു ഭാഗവും
 സാധാരണ  മധ്യ വെനലവധിക്കാലതാണല്ലോ.ആ വര്‍ഷത്തെ അവധി എന്നെ സംബന്ദിച്ചു വേദനജനകം ആയിരുന്നു .തലേ വര്ഷം വരെ അവധി ഉത്സവത്തിനു തുല്യമായിരുന്നു.' അക്ക് ",തലേപന്ത് ,ചെസ്,ഷട്ടില്‍ ബാറ്റ്,ക്രിക്കറ്റ് എല്ലാം ഞങ്ങളുടെ
 അവധിക്കാല വിനോദങ്ങളില്‍ ഇടംപിടിക്കാരുണ്ടായിരുന്നു.പക്ഷെ...ഇന്ന് ഇതൊന്നുമില്ല.
നഷ്ടപെട്ടുപോയ സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തു  രെഹസ്യമായും
 പരസ്യമായും ഞാന്‍ കരഞ്ഞു,അല്ല അവന്റെ തളര്‍ന്നുള്ള കിടപ്പും വാടിക്കരിഞ്ഞ മുഖവും എന്നെ കരയിപ്പിച്ചു എന്ന് പറയുന്നതാവും കുടുതല്‍ സത്യം.
                          അന്ത്യ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ അവനു പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.അതിനാല്‍ ആവണം ഒരിക്കല്‍
 അമ്മയോടൊപ്പം അവന്റെ അടുത്തിരിക്കുമ്പോള്‍ എന്റെ കയ്യില്‍ പിടിച്ചു കണ്ണുകളിലേക്കു ന്നോക്കി  ചോദിച്ചു " ഞാന്‍ മരിച്ചാല്‍ നീ എന്നെ  ഓര്‍മ്മിക്കുമോ"?.എന്നില്‍ നിന്നും ഉത്തരം അവന്‍ പ്രതിക്ഷിച്ചിരുന്നുവോ  ആവോ....? ഇന്നും എനിക്കറിയില്ല.പക്ഷെ ഒന്നെനിക്കറിയാം ,എന്നെ സംബന്ധിച്ച് അത് അസാധ്യമാണെന്ന  വസ്തുത.പിന്നീടു പലതവണ അവന്‍ എന്നോട് ഈ ചോദ്യം
 ആവര്‍ത്തിച്ചിട്ടുണ്ട്.പക്ഷെ നിശബ്ധത  ഞങ്ങളെ കീറിമുറിച്ചു കടന്നുപോയി.
                            നോമ്പിന്റെ അവസാന ആഴ്ചയായ വലിയ ആഴ്ച അവനു ഭയങ്കര 
കുടുതലായിരുന്നു. രണ്ടു കുടുംബക്കാരും സദാസമയവും അവന്റെ  കുടെയുണ്ടായിരുന്നു. പല 
തമാശകള്‍ പറഞ്ഞു അവനെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും ഞാന്‍ ശ്രെമിച്ചു.ഒരു പരിധി വരെ അതില്‍ ഞാന്‍ വിജയിച്ചിട്ടുമുണ്ട്. പെസഹ വ്യഴഴിച്ച  രാത്രി ഞങ്ങള്‍ ക്രിസ്ത്യാനികളുടെ  വീട്ടില്‍ നടത്താറുള്ള "അപ്പം മുറിക്കല്‍ ശുശ്രുഷ" കഴിഞ്ഞ്‌ എല്ലാവരും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.അവനു ഭയങ്കര കുടുതലയിരുന്നതിനാല്‍ അപ്പം കൊടുത്തിരുന്നില്ല.പെട്ടന്ന് അവന്‍ കുടുതല്‍ ഉഷാറാ യതുപോലെ   കാണപ്പെട്ടു.എന്റെ അമ്മയോട്  അപ്പം തരാമോ എന്ന് അവന്‍ ചോദിച്ചു.അമ്മ കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരെയും വിളിച്ചു.അമ്മമാര്‍ക്കും 
പപ്പമാര്‍ക്കും ഓരോ മുത്തം കൊടുത്തു.എന്റെ മുഖത്തേക്ക് നോക്കി.ചേട്ടനെയും അനുജനെയും നോക്കി പുഞ്ചിരി തുകി.
ശാന്തതയിലേക്ക് അവന്‍ മടങ്ങി..പിന്നെ ഒരിക്കലും  ആ ശാന്തതയില്‍ നിന്ന് തിരിച്ചു വന്നിട്ടില്ല.കണ്ണുകള്‍ അടച്ചു പുഞ്ചിരി തുകി അവന്‍ കിടന്നു.
                                13  വര്‍ഷത്തെ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ അവന്‍ പോയി മറഞ്ഞിട്ട് ഈ വലിയനോമ്പില്‍ 9   വര്ഷം തികയുന്നു.എന്നിട്ടും ഞാന്‍ അവനെ മറന്നിട്ടില്ല.ആ കുസൃതി നിറഞ്ഞ ചിരിയും,നോട്ടവും,കളിയാക്കലും...ഞങ്ങളുടെ വീടും
 പറമ്പും ...കുട്ടിക്കാലത്തെ കളികളും..എന്റെ ബലൂണ്‍ പൊട്ടിച്ചതും...എല്ലാം എല്ലാം..അവന്‍ എന്നോട് പലതവണ ചോദിച്ച ആ  ചോദ്യവും .....  "ഞാന്‍ മരിച്ചാല്‍ നീ എന്നെ ഓര്‍മ്മിക്കുമോ"?.     
                                            SHARLET ANS TOM                                                           
                                                                                          
    

No comments:

Post a Comment